Friday, 5 May 2017

ഒരു ഉത്തര കൊറിയൻ - അമേരിക്കൻ യുദ്ധമുണ്ടായാൽ എന്ത് സംഭവിക്കും?










ലോകത്തെ മുപ്പതോ നാല്പതോ തവണ ചുട്ടെരിക്കാൻ ആയുധം കയ്യിലുള്ള അമേരിക്ക ഉത്തര കൊറിയയെ നിഷ്പ്രഭമാക്കുമെന്നു അമേരിക്കൻ പ്രേമികൾ പറയുമ്പോൾ ഉത്തര കൊറിയ അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും നേരെ ആണവ ആക്രമണങ്ങൾ നടത്തി മുട്ടുകുത്തിക്കുമെന്നു കൊറിയൻ വാദികൾ പറയുന്നു..

  എന്താണ് യാഥാർഥ്യം? ഇത്തരം ഒരു യുദ്ധമുണ്ടായാൽ ആണവ ആക്രമണങ്ങൾക്കുള്ള സാധ്യത എത്രത്തോളമാണ്, ആക്രണം നടത്തിയാലും അവ പരിപൂർണ വിജയമായിത്തീരാനുള്ള സാധ്യത എത്രത്തോളമാണ്, ആണവ ആക്രമണങ്ങൾ നടന്നാൽ അവയുടെ ശേഷി എത്രത്തോളമായിരിക്കും, ലോക ക്രമത്തെ അതെങ്ങിനെ മാറ്റിമറിക്കും, ആണവ സ്ഫോടനങ്ങളുടെ ഇഫെക്ട് അതാതു രാജ്യങ്ങളിൽ തന്നെ ഒതുങ്ങി നിൽക്കുമോ... എന്നിങ്ങിനെ സംശയങ്ങൾ നിരവധിയാണ്.

  ഇതിലെ ആദ്യത്തെ പ്രതിപാദന വിഷയമായ "ഇത്തരം ഒരു യുദ്ധമുണ്ടായാൽ ആണവ ആക്രമണങ്ങൾക്കുള്ള സാധ്യത എത്രത്തോളമാണ്" എന്നതിനെ ആദ്യം വിലയിരുത്താം. അമേരിക്ക പലപ്പോഴായി അവരുടെ ലോകപൊലീസ് പദവി ഊട്ടിയുറപ്പിക്കുന്നതിനായി അഫ്‌ഗാനിലും ഇറാഖിലും വിയട്നാമിലും മറ്റുമായി ഇത്തരം ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇറാനുമായും ഇതേ ഒരു ആവർത്തനമാണ് അമേരിക്ക ചെയ്യുന്നത്. UN നെ മാനിക്കുകയും അന്താരാഷ്‌ട്ര മര്യാദകൾ ഒരു പരിധിവരെ മാനിക്കുകയും ചെയ്തിരുന്ന രാഷ്ട്രങ്ങളോടായിരുന്നു ലോകപോലീസിന്റെ ഇതുവരെയുള്ള ഇടപെടൽ എന്നതുകൊണ്ടുതന്നെ UN ന്റെ ഡ്രൈവിങ് സീറ്റിലിരുന്ന അമേരിക്കയ്ക്ക് ആവശ്യമായ സമയത്ത് ആവശ്യമായ ആസൂത്രണത്തോടെ ആക്രമങ്ങളും അധിനിവേശം നടത്താനും പ്രയാസമുണ്ടായിരുന്നില്ല.

എന്നാൽ ഉത്തര കൊറിയ എന്ന രാജ്യം പടിഞ്ഞാറൻ ലോകത്ത് അറിയപ്പെടുന്നത് തന്നെ തെമ്മാടിരാഷ്ട്രം എന്ന പേരിലാണ്. UN ൽ തുലോം തുച്ഛമായ രീതിയിൽ മുഖം കാണിക്കുന്ന ഉത്തര കൊറിയ വിശ്വസിക്കുന്നത് തന്നെ UN എന്ന സംഘടന അമേരിക്കയുടെ ഉപചാപവൃന്ദമാണ് എന്നാണ്. ഒരിക്കലും ഉത്തര കൊറിയ എന്ന രാജ്യം പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ പരാതിയുമായി UN ൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ഐക്യരാഷ്ട്ര സഭയെയും അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നടപടികളെയും ഉത്തരകൊറിയ എത്രത്തോളം മാനിക്കുന്നു എന്നതിന് ഉദാഹരണമാണ്. ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളത്രയും കടുത്ത സാമ്പത്തിക വ്യാപാര ഉപരോധങ്ങളുടെ നാടുവിൽനിന്നുകൊണ്ടായിരുന്നു. ഇറാനെ പോലെയോ മറ്റു ഇതര രാഷ്ട്രങ്ങളെ പോലെയോ ഉപരോധങ്ങളിൽ കാലിടറി വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത ഉത്തരകൊറിയ തങ്ങളുടെ ആണവ - മിസൈൽ പരീക്ഷങ്ങളിലൂടെ മുന്നോട്ടുപോയി. ഉത്തരകൊറിയയെ സംബന്ധിച്ച് ഇനി ഒരുമേഖലയിലും ഉപരോധം ബാക്കിയില്ല എന്നിരിക്കെ കഴിഞ്ഞ രണ്ടു മാസം മാത്രം അവർ നടത്തിയത് 59 മിസൈൽ പരീക്ഷണങ്ങളാണ്.

മുൻ ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഇൽ ന്റെ മരണത്തോടെ അധികാരമേറ്റ കിങ്‌ജോങ് ഉൻ ഒരു മുന്കോപിയും അര വട്ടനുമാണെന്ന് ലോകം ഇതിനകം മനസ്സിലാക്കിയാണ്. ന്യൂക്ലിയർ ഫിഷൻ , ന്യൂക്ലിയർ ഫ്യുഷൻ ബോംബുകൾ കൈവശമുള്ള ഉത്തരകൊറിയയെ നേരിട്ട് ആക്രമിക്കാൻ അമേരിക്കയ്ക്കും താല്പര്യമില്ല എന്നതാണ് കാര്യം. പക്ഷെ ചൈനീസ് - റഷ്യൻ സഖ്യം അമേരിക്കയ്ക്ക് എതിർ ചേരിയിൽ വളർന്നു വരുന്നതും യുക്രൈൻ സിറിയ വിഷയങ്ങളിൽ റഷ്യൻ നിലപാടുകളും അമേരിക്കയുടെ അപ്രമാദിത്തത്തെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ  കിങ്‌ജോങ് ഉൻ അടിക്കടി നടത്തുന്ന പരീക്ഷങ്ങളും പ്രകോപനങ്ങളും അമേരിക്ക ഒരു അഭിമാന പ്രശ്നമായി കാണുകയാണ്. ഇതൊരു യുദ്ധത്തിലേക്ക് നീണ്ടാൽ സ്വയം ഒരു ഇറാഖോ സിറിയയോ അഫ്‌ഗാനോ ആകാതിരിക്കാൻ ഉത്തരകൊറിയ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാം എന്നുതന്നെ അനുമാനിക്കാം

0 comments:

Post a Comment