Friday, 5 May 2017

ഡിബുക്കിനകത്തെ വൂഡൂ ഡോള്‍(Doll Inside Debuk)

By May 05, 2017



എസ്ര എന്ന ഹിറ്റ്‌ മലയാളം ഹൊറര്‍ ചിത്രം കണ്ട ഭൂരിഭാഗം പേരും പ്രത്യേകം നോട്ട് ചെയ്ത ഒരു സംഗതിയാണ് ഡിബുക്ക് ബോക്സ് അഥവാ ഡിബുക്ക് എന്ന് അറിയപ്പെടുന്ന പ്രതികാര ദാഹിയായ ആത്മാവിനെ ആവാഹിച്ച് വച്ചിരിക്കുന്ന പെട്ടി. 

പക്ഷെ അത്യാവശ്യം ഹോളിവുഡ്, ഹൊറര്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയുള്ള മറ്റൊരു സാധനം കൂടിയുണ്ട് ചിത്രത്തില്‍. അത് ഡിബുക്ക് ബോക്സ് തുറക്കുന്ന സമയം നായിക കണ്ടെത്തുന്ന ഈ പാവയാണ്. ഈ പാവയ്ക്ക് പക്ഷെ ഡിബുക്ക് ബോക്സുമായോ, ജൂത താന്ത്രിക വിദ്യകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. എന്നാല്‍ അധികം അറിയപ്പെടാത്ത ഒരു മതത്തിന്‍റെ കീഴിലുള്ള  ആഭിചാര കര്‍മ്മങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഈ പാവ. ഇതിന്‍റെ പേരാണ് വൂഡൂ ഡോള്‍.

ആഫ്രിക്കയില്‍ ജനിച്ച്, അടിമക്കച്ചവടത്തിലൂടെ അമേരിക്കയിലേക്ക് എത്തിയ മതമാണ്‌ വൂഡൂ. ആദ്യകാലത്ത് അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ആളുകള്‍ വിശ്വസിച്ചിരുന്നെങ്കിലും, പിന്നീട് പല സംസ്കാരങ്ങളുടെയും, രീതികളുടെയും മിശ്രിതമായി വൂഡൂ മാറി. നമ്മള്‍ കാണുന്നതും, കാണാത്തതുമായി രണ്ട് ലോകങ്ങള്‍ ഉണ്ടെന്നും, അവ തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് ഇരിക്കുകയാണെന്നും ആണ് വൂഡൂ വിശ്വാസം. മരണത്തോടെ നമ്മള്‍ അടുത്ത ലോകത്തേക്ക് കടക്കുമെന്നും, മരണമെന്നത് ശരിക്കും അടുത്ത ജീവിതത്തിന്‍റെ തുടക്കമാണെന്നും അവര്‍ വിശ്വസിക്കുന്നു. വൂഡൂ വിശ്വാസ പ്രകാരം മരിച്ചവരുടെ ലോകം, നമ്മുടേതിന് പാരലല്‍ ആണെങ്കിലും, മരിച്ചവര്‍, ജീവിക്കുന്നവര്‍ക്ക് ചുറ്റും തന്നെയുണ്ടാകും. നമ്മുടെയൊക്കെ ജീവിതത്തില്‍ അവര്‍ക്ക്, അത്ര ചെറുതല്ലാത്ത സ്വാധീനവും ചൊലുത്താനാകും.

ഇനി ഡോളിനെ കുറിച്ച്.

ഇതിനെ വൂഡൂ ഡോള്‍ എന്നാണ് വിളിക്കുന്നതെങ്കിലും, ഭൂരിഭാഗം വൂഡൂ വിശ്വാസികളും, ഇതിനെ, സിനിമകളില്‍ മാത്രമേ കണ്ടിട്ടുണ്ടാകൂ. വൂഡൂ ആരാധനാ രീതികളിലെ വ്യത്യസ്ഥത മനസ്സിലാക്കിയ മീഡിയ ആണ്, ഇതിനൊരു നെഗറ്റീവ് പരിവേഷം നല്‍കി അവതരിപ്പിച്ചാല്‍ ആളുകള്‍ക്ക് താല്പര്യമുണ്ടാകും എന്ന് മനസ്സിലാക്കുന്നത്. Already അടിമകളുടെ മതമെന്ന പേര് കാലങ്ങളായി ഇതിനുണ്ടല്ലോ. അങ്ങിനെ മതം എന്ന ഇതിന്‍റെ യഥാര്‍ത്ഥ ടൈറ്റില്‍ മാറ്റിവച്ച്, ഒരു ആഭിചാര രീതി എന്ന നിലയ്ക്ക് ടീവിയിലും, സിനിമയിലും വൂഡുവിനെ അവതരിപ്പിക്കാന്‍ തുടങ്ങി. വൂഡൂ മതത്തിലെ ന്യൂനപക്ഷമായ മന്ത്രവാദികളുടെ കര്‍മ്മങ്ങളാണ്, യഥാര്‍ത്ഥ വൂഡൂ മതം എന്ന നിലയക്ക് പിന്നീട് പ്രചരിച്ചത്. അങ്ങിനെ ഏറ്റവുമധികം പ്രചരിച്ച രണ്ട് ഘടകങ്ങളില്‍ ഒന്ന്‍ മാത്രമാണ് വൂഡൂ ഡോള്‍.

ശത്രുക്കളെ, അവരറിയാതെ നിഗ്രഹിക്കാനുള്ള ഒരു വിദ്യയാണ് വൂഡൂ പാവകള്‍. ഒരു പാവയുണ്ടാക്കി, അതിനെ ചില കര്‍മ്മങ്ങളിലൂടെ ശത്രുവുമായി ബന്ധിപ്പിക്കും. എന്നിട്ട് സൂചികള്‍ കൊണ്ട് കുത്തി പാവയെ മുറിവേല്‍പ്പിക്കുമ്പോള്‍, ആ വേദന ശത്രുവിനായിരിക്കും അനുഭവപ്പെടുക. അസഹ്യമായ വേദനയും, പരിക്കുകളും താങ്ങാനാവാതെ ശത്രു മരണത്തിന് കീഴടങ്ങും. ഒരാളുടെ  മുടിയോ, വസ്ത്രത്തിന്‍റെ ഭാഗമോ വച്ച് വേണം, പാവയും അയാളുമായി ബന്ധിപ്പിക്കാന്‍ എന്നൊരു വിശ്വാസം കൂടിയുണ്ട്. സത്യത്തില്‍ ഈ പാവ വച്ചുള്ള കളി വൂഡുവില്‍ മാത്രമല്ല, ലോകത്തിലെ മറ്റു പല വിശ്വാസങ്ങളിലും ഉണ്ട്. ഈ ഭീകരരൂപം കൊണ്ടാകാം, കൂടുതല്‍ പ്രചാരത്തില്‍ വന്നത് വൂഡൂ പാവകള്‍ ആണെന്ന് മാത്രം.

അതുപോലെ മറ്റൊരു വൂഡൂ വിദ്യയാണ് സോംബി (Zombie). മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച്, അവരെ സ്വന്തം പിണയാള്‍ ആക്കി ഒരു റോബോട്ടിനെപ്പോലെ കൊണ്ട് നടക്കുന്ന ടെക്ക്നിക്ക്. സത്യത്തില്‍ മരിച്ചവരെയല്ല ഇവിടെ കൊണ്ട് നടക്കുന്നത് എന്ന് മാത്രം. ബോക്കൊര്‍ എന്നറിയപ്പെടുന്ന വൂഡൂ മന്ത്രവാദികളാണ് ഇതില്‍ പ്രഗല്‍ഭര്‍. ചില രഹസ്യക്കൂട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച മരുന്നുകള്‍ ഉപയോഗിച്ച്, ആളുകളെ മരിച്ചതിന് തുല്യമാക്കും. വീട്ടുകാര്‍ അവരെ അടക്കിയതിന് ശേഷം, ബോക്കറും, ആളുകളും കൂടെ കുഴിച്ചെടുത്ത്, കൂടുതല്‍ മരുന്നുകള്‍ നല്‍കി അവരെ, സ്വയം ഒരു സോംബി തന്നെയാണെന്ന് വിശ്വസിപ്പിക്കും. ശേഷം അവരെക്കൊണ്ട്, പണികള്‍ ചെയ്യിക്കുകയോ, തോട്ടങ്ങളില്‍ അടിമകളെ പോലെ പണിയെടുപ്പിക്കാനായി വില്‍ക്കുകയോ ചെയ്യും. വളരെക്കാലത്തോളം ഈ സോംബിക്കളി, വൈദ്യശാസ്ത്രത്തിന് ഒരു ഒളിച്ചുകളി തന്നെയായിരുന്നു. എണ്‍പത്കളുടെ ഒടുക്കത്തോടെയാണ് ഇതിന്‍റെ യഥാര്‍ത്ഥ ചുരുളുകള്‍ അഴിഞ്ഞ് തുടങ്ങിയത്.


ഇനി വിശ്വാസത്തിലേക്ക്.

Bondye ആണ് വൂഡൂ വിശ്വാസികളുടെ പ്രധാന ദൈവം. ബോന്‍ദ്യെ പക്ഷെ സാധാരണക്കാര്‍ക്ക് എത്താത്തത്ര ഉയരത്തില്‍ വിഹരിക്കുന്ന അതിശക്തനാണ്. സാധാരണ വിശ്വാസികള്‍ക്ക് ഒന്നും ദൈവത്തിന്‍റെ അടുത്തേക്ക് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ എത്തിക്കാന്‍ സാധിക്കില്ല. അപ്പോള്‍ അവര്‍ക്ക് വിളിക്കാനായി ബോന്‍ദ്യെ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂര്‍ത്തികളാണ് ലോവകള്‍. പാപ്പ ലെഗ്ബ, മറാസ, സിംബി എന്നിങ്ങനെ അനേകം ലോവകള്‍ അവര്‍ക്കുണ്ട്. ലോവകളെ ഇരുപത്തൊന്ന് തരമായാണ് തിരിച്ചിരിക്കുന്നത്. ബോന്‍ദ്യെ-ലോവ സങ്കല്പം, ശരിക്കും ക്രിസ്തീയ വിശ്വാസം പോലെ ഏകദൈവം, ദൈവത്തോട് അടുപ്പമുള്ള വിശുദ്ധന്മാര്‍ എന്ന സങ്കല്‍പ്പത്തോട് വളരെയധികം സാമ്യതയുള്ള ഒന്നാണ്. ഈ പാപ്പ ലെഗ്ബ എന്ന ലോവ ശരിക്കും കത്തോലിക്കന്മാരുടെ St. Peter ആണെന്നാണ്‌ പറയപ്പെടുന്നത്. ഹിന്ദു, ഗ്രീക്ക് മതങ്ങളിലെ ദേവന്മാരെപ്പോലെ, വൂഡൂ വിശ്വാസികളും ഓരോ കാര്യങ്ങള്‍ക്കായി, ഓരോ ലോവകളെ പ്രത്യേകം വിളിച്ച് പ്രാര്‍ഥിക്കാറുണ്ട്.

വൂഡൂ - ക്രിസ്റ്റ്യാനിറ്റി ബന്ധം വരാനുള്ള പ്രധാനം കാരണം കൂടി പറയാം. 

ആഫ്രിക്കയില്‍ നിന്ന് അടിമകള്‍ വഴി അമേരിക്കയിലേക്ക് എത്തിയ മതമാണ്‌ വൂഡൂ എന്ന് പറഞ്ഞിരുന്നല്ലോ. തോട്ടങ്ങളിലേക്ക് പണിയെടുക്കാനായി എത്തുന്ന ആഫ്രിക്കന്‍ വംശജരെ മതം മാറ്റുക എന്നൊരു രീതി കൂടി അന്ന് നിലവിലുണ്ടായിരുന്നു. സ്വന്തം വിശ്വാസങ്ങള്‍ മാറ്റാന്‍ താല്പര്യമില്ലാത്തവരെ നിര്‍ഭന്ധിച്ചും, പീഡിപ്പിച്ചും വരെ അന്ന് ക്രിസ്തു മതത്തിലേക്ക് മാറ്റിയിരുന്നു. അങ്ങിനെ മതം മാറിയവരില്‍ പലരും, പഴയ മതം ഉപേക്ഷിക്കാതെ രണ്ടും ഒരുമിച്ച് practice ചെയ്തതിന്‍റെ ഫലമാണ് ഈ സങ്കലനം. Central അമേരിക്കയിലെ ഫ്രഞ്ച് കോളനിയായിരുന്ന ഹെയ്തിയും, അമേരിക്കന്‍ സംസ്ഥാനമായ ന്യൂ ഓര്‍ലിയന്‍സുമാണ് ഏറ്റവും കൂടുതല്‍ വൂഡൂ വിശ്വാസികളെ കൊണ്ട് നിറഞ്ഞ സ്ഥലങ്ങള്‍. 1720 കാലഘട്ടത്തിലാണ് രണ്ടിടത്തേക്കും കൂടുതലായി അടിമകള്‍ എത്തിത്തുടങ്ങുന്നത്. പക്ഷെ തുടക്കം തൊട്ടേ, ന്യൂ ഓര്‍ലിയന്‍സിലെ വൂഡൂ വിശ്വാസങ്ങളെ സമയാസമയം അടിച്ചമര്‍ത്തി ഒതുക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധ ചൊലുത്തിയിരുന്നു. അങ്ങിനെയിരിക്കെയാണ്‌ ഹെയ്തിയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ഒരു സംഭവം അവിടെ നടക്കുന്നത്.

1791 മുതല്‍ 1804വരെ നടന്ന ഹെയ്തിയന്‍ വിപ്ലവം, ഫ്രഞ്ച് ഭരണത്തെ അവിടന്ന് തൂത്തെറിഞ്ഞു. യജമാനന്മാരുടെ പീഡനങ്ങളെ അതിജീവിക്കാന്‍ അടിമകളെ പഠിപ്പിച്ച വൂഡൂ തന്നെയാണ് അവര്‍ക്കെത്തിരെ ശബ്ദമുയര്‍ത്താനും അവരെ പ്രേരിപ്പിച്ചത്. വിപ്ലവത്തിന്‍റെ സമയം, ഏതാണ്ട് ഏഴ് ലക്ഷത്തോളം അടിമകളുണ്ടായിരുന്നു ഹെയ്തിയില്‍. വിപ്ലവാനന്തരം ഹെയ്തിയില്‍ നിന്ന് രക്ഷപ്പെട്ട തോട്ടം ഉടമകളില്‍ ചിലര്‍ എത്തിച്ചേര്‍ന്നത് ന്യൂ ഓര്‍ലിയന്‍സിലാണ്. ഉടമകള്‍ തനിച്ചായിരുന്നില്ല, വൂഡൂ വിശ്വാസികളായ കുറെ അടിമകളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങിനെ വൂഡൂ മതം വീണ്ടും അമേരിക്കയില്‍ വളരാന്‍ തുടങ്ങി. അമേരിക്കയില്‍ മാത്രമല്ല, മറ്റു സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും ചേക്കേറിയ അടിമകള്‍ വഴി വൂഡൂ ശരിക്കും വളരുകയായിരുന്നു. പക്ഷെ അപ്പോഴും അടിമകളുടെ മതമായത് കൊണ്ട് പുച്ഛത്തോടെ മാത്രമാണ് വെളുത്തവര്‍, വൂഡൂ മതത്തെ കണ്ടിരുന്നത്. വെളുത്തവര്‍ക്ക് ഇത് മന്ത്രവാദവും, ആഭിചാരവും, കൂടോത്രവും ഒക്കെയായിരുന്നു. വൂഡൂവിനെ ഒരു മതമായി അങ്ങീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. 

ഹെയ്തിയിലും, ആഫ്രിക്കയില്‍ വൂഡൂ ജനിച്ചു എന്ന് വിശ്വസിക്കുന്ന ബെനിന്‍ എന്ന രാജ്യത്തിലും മാത്രമാണ് ഇതിനെ ഒരു ഔദ്യോഗിക മതമായി അങ്ങീകരിച്ചിരിക്കുന്നത്.

0 comments:

Post a Comment